Monday, August 29, 2011

ചതിച്ച സ്വപ്നം

കണ്‍കണ്ട ദൈവങ്ങള്‍ ഒക്കെയും 
കണ്മുന്‍പില്‍ നിര്‍ത്തമാടി
കാണാത്ത ദൈവങ്ങള്‍ കേള്‍ക്കാത്ത രാഗത്തില്‍ 
എന്‍ മുന്‍പില്‍ പാട്ടുപാടി  
നിര്‍ത്തം ചവിട്ടുന്ന ദൈവങ്ങള്‍കൊക്കെയും
പുഞ്ചിരിതൂകുന്ന മുഖങ്ങള്‍ മാത്രം.
ഒരു വരം തരുവാന്‍ 
ഒരു ദൈവം തുനിയവേ
ഓര്‍ക്കാപ്പുറത്തെന്റെ സ്വപ്നചരടുപൊട്ടി.
സ്വപ്നം ചതിച്ചൊരെന്‍ മുന്‍പില്‍  
നിര്‍ത്തം ചവിട്ടിയ ദൈവങ്ങള്‍ ഒക്കെയും 
നിശ്ചലമായി ചുവരില്‍ തൂങ്ങിയാടി. 

Tuesday, August 2, 2011

ജീവിതം


പച്ചവെള്ളവും അമ്രിതായ് കരുതുന്ന 
കാലമുണ്ടതാണ് ദാഹം 
പാഷാണവും പോര്‍ഷകമായ് കരുതുന്ന 
യാമമുണ്ടതാണ് ക്ഷാമം.
ജീവിതം എന്താണെന്നറിഞ്ഞവര്‍
ഈ കാലമൊക്കെയും താണ്ടിയതാവണം

ബാല്യത്തില്‍ കുസൃതി 
കൌമാരത്തില്‍ പ്രണയം 
യൌവനമോ ദാഹം 
അന്ത്യാഭിലാഷകലുഷിതമാം  വാര്‍ദ്ധയ്ക്ക്യം 
ഇതാണൊരുവന്റെ പൂര്‍ണരൂപം. 

ഊര്‍ജ്ജം പ്രസരിക്കും കൌമാരത്തില്‍-
ഓര്‍മ്മകള്‍ തീര്‍ത്തരുണ്ടനേകം 
ഓര്‍മ്മകള്‍ തീര്‍ക്കേണ്ട കാലത്ത് 
ഓര്‍മ്മകള്‍ തീര്‍ക്കാത്തവരൂണ്ടനേകം
ഇതല്ല ജീവിതം വേറെന്തോ 
ആണെന്ന രീതിയില്‍ 
ഒന്നുമില്ലാതലയുന്നവരൂണ്ടനേകം.

ഇതാണ് ജീവിതം എന്നറിയുന്നേരം
ജീവിച്ചു തീര്‍ന്നവരൂണ്ടനേകം 
അല്ല, ജീവിതം-
തീര്‍ത്തവരൂണ്ടനേകം

നീറുന്ന ഹൃദയവും 
കത്തുന്ന വയറും 
കിനാവുകള്‍ ശിഥിലമായൊരു സ്മരണയും 
പേറുന്നവരൂണ്ടനേകം.

ജീവിതം എന്തെന്നറിഞ്ഞവര്‍ ഓതുന്നു
മരണമത്രേ ജീവിതമെന്ന് 
ആവോ, അതായിരിക്കാം 
യാഥാര്‍ത്യവും 





  









  











Friday, July 29, 2011

കാലം

കാലമെന്‍ കോലം കെടുത്തുന്നുവോ
അതോ 
കാലമെന്‍ കോലം തെളിക്കുന്നുവോ 
കീറിയ വസ്ത്രമെന്‍ ദേഹം മറയ്ക്കവേ
ഓര്‍ക്കാതെ ഓര്‍ത്തുപോയതാണിതൊക്കെയും. 

വിധിയെ പഴിക്കാതെ 
വിധിയെ ശപിക്കാതെ 
വിധിയുടെ നേരെ മിഴിയമ്പ് എയ്യാതെ 
കാലത്തിനൊപ്പം ഒഴുകുകയാണ് ഞാന്‍ 
കീറിപറിഞ്ഞൊരു  വസ്ത്രവുമായ്.

ഒരു വിത്തില്‍ മുളയ്ക്കുന്ന ജീവനും 
ഗര്‍ഭപാത്രത്തില്‍ കുരുക്കുന്ന ജീവനും 
കാലത്തിനൊപ്പം വളരുന്നു, പടരുന്നു 
കാലത്തിനൊപ്പം മരണം വരിക്കുന്നു.

കോലം കെടുത്തുന്ന കാലമേ നീ-
എന്നെ, കാറ്റില്‍ പറത്തുന്ന ഒരു 
കൊച്ചു പട്ടമായ്‌
ചരടില്‍ കൊരുത്തത്‌ എന്തിനാണെന്ന് ഞാന്‍ 
നിന്നോടൊരിക്കലും ചോദിക്കയില്ല.

എന്റെയീ  ദു:ഖത്തിന്‍ 
അന്ത്യം കുറിക്കുവാന്‍ 
എന്റെയീ ജന്മത്തിന്‍ 
സാഭല്യം ഏകുവാന്‍
കാലത്തിന്‍ നൌക
ഒഴുകുന്നു  ശാന്തമായ്.    

Monday, May 30, 2011

കാലത്തിനൊപ്പം വളരുവാനും സ്വപ്നം കാണുവാനും കൊതിച്ചൊരു കുട്ടിയുടെ  കഥ 


                                    ഒരു കൊച്ചു കുട്ടിയുടെ ഓമനത്തം തുളുമ്പുന്ന ശരീരമോ, വാത്സല്യം നിറഞ്ഞ സമീപനമോ  ഒന്നും തന്നെ ഇല്ലാതിരുന്ന എന്റെ കുട്ടിക്കാലം വളരെ ദുരിതപൂര്‍ണമായിരുന്നു. ആഹാരത്തിനും വസ്ത്രത്തിനും ദാരിദ്രമുള്ള എനിക്കും  എന്റെ അമ്മയ്ക്കും അടുത്ത വീട്ടിലെ ചില സ്ത്രീകള്‍ ചില വിട്ടുവീഴ്ച്ചകള്‍ ചെയ്തിരുന്നു. അരയ്ക്കു താഴോട്ട് തളര്‍ന്നുകിടക്കുന്ന  അമ്മ, ഓണക്കാലത്ത് അല്‍പ്പം അരിക്കുവേണ്ടി പണം ചോതിച്ചപ്പോള്‍ അച്ഛന്റെ  വലം കാല്‍ കൊടുത്ത സമ്മാനം. ഓര്‍മയില്‍ പോലും ഇല്ലാത്ത എന്റെ അച്ഛനോട് ഞങ്ങളെ  കളഞ്ഞിട്ടുപോയതിന് എനിക്ക് ഒരു വെറുപ്പുമില്ല, പക്ഷെ എന്തിനാണെന്റെ അമ്മയെ തളര്‍ത്തിയത് എന്ന എന്റെ ചോദ്യത്തില്‍ ഞാന്‍ ഇന്നും കുടുങ്ങി കിടക്കുന്നു.

                                      അമ്മയുടെ വേദനാജനകമായ ജീവിതത്തില്‍ എനിക്ക് ഒരു നല്ല പേര് പോലും ഇടാന്‍ അമ്മ മറന്നുപോയി. പക്ഷെ നാട്ടുകാര്‍ എന്നെ പല പല പേരുകളില്‍ വിളിച്ചു. എടാ മുടിഞോനെ, തെണ്ടി.... . ഞാന്‍ എന്റെ ചെവികള്‍ ഒരിക്കലും മൂടിക്കെട്ടിയില്ല കാരണം വിശപ്പിന്റെ കാടിന്യത്തില്‍ ഒന്നും തന്നെ ഞാന്‍ കേട്ടില്ല.

                                       ദുരിതപൂര്‍ണമായ ദിനങ്ങളില്‍ സ്വല്‍പ്പം സ്വല്‍പ്പം സ്വപ്പനം കാണുവാന്‍ തുടങ്ങിയ ഞാന്‍ എന്റെ  വിഷമങ്ങള്‍ മറക്കുവാന്‍ വേണ്ടി തൊടിയില്‍ നടന്നു കല്ലുകള്‍ ശേഖരിക്കുവാന്‍  തുടങ്ങി. ഓരോ കല്ലുകളും എന്നെ സംബന്ധിച്ച്  ഓരോ സ്വപ്നങ്ങളായിരുന്നു, അവ ഞാന്‍ എന്റെ തലയ്ക്കല്‍ ഉള്ള പെട്ടിയില്‍  സൂക്ഷിച്ചു. നഷ്ട്ടപെടുന്ന ഓരോ ദിനങ്ങളെയും  ഓരോ നിമിഷങ്ങളേയും കല്ലുകളുടെ രൂപത്തില്‍  സ്വപ്നങ്ങളായ് ഞാന്‍ സൂക്ഷിച്ചു വെച്ചു.

                                         കടം വാങ്ങിച്ച  പണം തിരികെ വാങ്ങുവാന്‍ വീട്ടില്‍ വന്ന്‌ ബഹളം വെച്ചിരുന്നവരില്‍ ഒരാള്‍, ഒരിക്കല്‍ എന്റെ കല്ലുകള്‍ സൂക്ഷിച്ചിരുന്ന പെട്ടി വെളിയിലേക്ക് വലിച്ചെറിഞ്ഞു അന്ന് തെറിച്ചു പോയത്, എന്റെ പ്രതീക്ഷയും എന്റെ സ്വപ്നങ്ങളുമായിരുന്നു.

                                          ഇന്ന് ഞാന്‍ സ്വപ്നം കാണാറില്ല, കാരണം നാളെ ആരുടെ എങ്കിലും രൂപത്തില്‍ അവ നശിപ്പിച്ചാലോ  എന്ന് ഭയന്ന്.

Friday, April 15, 2011

മരിച്ചുപോയവര്‍


മരിച്ചുപോയവര്‍
ഇവര്‍ 
ഓര്‍മയില്‍ ഒരിക്കല്‍ 
ജീവിച്ചിരുന്നവര്‍ 
മരിച്ച സ്വപ്നത്തിന്‍ 
ഉടമയായവര്‍. 
വിയര്‍പ്പിന്‍ കണങ്ങള്‍ 
ഉമ്മവെക്കുന്നൊരു
ദേഹി ഇല്ലാത്തവര്‍ 
ഇവര്‍ മരിച്ചുപോയവര്‍.

ശ്വാസം ഇല്ലാത്തവര്‍ 
ശ്വസന താളമില്ലാത്തവര്‍ 
ഹൃദയ ചക്രവും നിലച്ചവര്‍ 
ഇവര്‍ മരിച്ചുപോയവര്‍.

കാമമില്ലാത്തവര്‍ 
ക്രോധമില്ലത്തവര്‍ 
കത്തുന്ന നെഞ്ചിന്റെ 
നീറ്റലില്ലാത്തവര്‍ 
ഇവര്‍ മരിച്ചുപോയവര്‍.

മിഴിനീര്‍ നനയില്ല 
ചിരിക്കില്ല.
കാത്തിരിപ്പിന്റെ നൊമ്പരം 
തീണ്ടാത്തവര്‍ 
ഇവര്‍ 
മരിച്ചുപോയവര്‍.

നിലാവുള്ള രാത്രികളില്‍ 
പെയ്തു മാഞ്ഞുപോയ ഹിമകണങ്ങള്‍പോലെ
എന്നോ പിറന്നവര്‍ 
പിറന്നു മാഞ്ഞുപോയവര്‍.  
 

Wednesday, March 16, 2011

എന്റെ അമ്മ





കറുത്തൊരു പഴഞ്ചന്‍ കോട്ടുത്തന്ന് 
ഒരിക്കല്‍ അമ്മ പറഞ്ഞു 
പുതയ്ക്കൂ  തണുക്കുമെന്ന് 

ചോറ് വാരി തന്ന്
അമ്മ പറഞ്ഞു 
കഴിക്കൂ  
വളരുമെന്ന്.

മുത്തം തന്ന് 
അമ്മ പറഞ്ഞു 
സ്നേഹിക്കാന്‍ 
പഠിക്കൂ എന്ന്. 

ഓര്‍ക്കാപ്പുറത്തൊരു  നാള്‍ 
ഗ്ലുകോസ്  കുപ്പികള്‍ ഏന്തി 
എന്റെ അമ്മ 
ആശുപത്രി വരാന്തയില്‍ 
കിടന്നപ്പോള്‍ 
എന്നെ അരികില്‍ 
വിളിച്ചു പറഞ്ഞു 
പറഞ്ഞതൊന്നും മറക്കരുതെന്ന്.

ഇല്ല, ഞാന്‍ മറക്കില്ല 
ഒരുവാക്കും, എന്റെ അമ്മതന്‍ 
മണമുള്ള ഓര്‍മകളും.

Monday, March 14, 2011

പ്രണയം

എന്നോട് അവള്‍ ചോദിച്ചു , നീ എന്നെ സ്നേഹിക്കുന്നില്ലേ. ഞാന്‍ പറഞ്ഞു, ഇല്ല എനിക്ക്  നിന്നോട് സൗഹൃദമാണ്. "അവള്‍ വിങ്ങിപൊട്ടി". എനിക്കുവേണ്ടി ഒരു പെണ്‍കുട്ടി കരയുന്നത് ആദ്യമായ് ഞാന്‍ കാണുകയാണ്. അവിടെ പ്രണയം എന്താണെന്ന് ഞാന്‍ അറിഞ്ഞു, അല്ല അവള്‍ എനിക്ക്‌ പറഞ്ഞു തന്നു.

Monday, February 14, 2011

റെന്‍സി


'റെന്‍സി' എന്റെ സിരകളില്‍ 
ഉന്മാദം  ഉണര്‍ത്തിയവള്‍.
നീട്ടിയ പാട്ടാല്‍  സിരകള്‍ തന്‍ 
തന്ത്രികള്‍ മീട്ടി 
നേര്‍രേഖ പോലെന്റെ   ഹൃദയത്തില്‍  
തൊട്ടു നിന്നവള്‍ 

പൂന്തേനുണ്ണാന്‍ വന്നൊരു 
ശലഭം കണക്കെ 
എന്റെ ഹൃദയത്തിന്‍ നാമ്പുകള്‍ 
തേടി  വന്നവള്‍ റെന്‍സി.

തീനാളം പോലെന്റെ 
ഹൃദയത്തില്‍ ജ്വലിച്ഛവള്‍
കാട്ടുതീപോലെന്റെ സിരയില്‍ 
പടര്‍ന്നവള്‍
കാട്ടുപൂപോലെന്റെ  ഗന്ധമായ് 
തീര്‍ന്നവള്‍.

"റെന്‍സി"
എന്റെ ഹൃദയത്തില്‍ 
പൂത്തവള്‍
പൂവായ് കൊഴിഞ്ഞവള്‍. 

Thursday, January 13, 2011

കാലൊച്ചകള്‍



             




                                     കറുത്തിരുണ്ട രാത്രികളില്‍ പതിവായ്‌ തളര്‍ന്നുറങ്ങിയിരുന്ന ദിനേശ് ആരോ വിളിച്ചെന്നപോല്‍ ഞെട്ടി  ഉണരുക പതിവായിരുന്നു. തന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയ്ക്ക് ആദ്യമായിട്ടാണ് പതിവായ്‌ ഇങ്ങനെ ഞെട്ടി ഉണരുന്നത്. പതിവായ്‌ ഇങ്ങനെ ഞെട്ടി ഉണരുന്നത് ഒരു അസുഖമാണെന്നാണ് ഡോക്ടര്‍ ഇന്നലയും കൂടി സംസാരിച്ചത്.  എന്നാല്‍ അസുഖത്തിന്റെ വ്യക്തമായ പേരും, അതിന്റെ ചികിത്സാ രീതികളും അവരെക്കൊണ്ട് വെളിപ്പെടുത്താന്‍ കഴിയുകയില്ല കാരണം അവര്‍ പറയുന്ന അസുഖമാണെങ്കില്‍ ഉറക്കത്തിലാണ് ഞെട്ടി ഉണരേണ്ടത്. എന്നാല്‍ ദിനേശ് ഇപ്പോള്‍ ഉണര്‍ന്നിരിക്കുമ്പോഴും ഞെട്ടി ഉണരാറുണ്ട്.



                                     കൂനി കൂടി ആരോടും മിണ്ടാതിരുന്ന ദിനേശിനെ തട്ടി  ഉണര്‍ത്തിക്കൊണ്ട് അവന്റെ അമ്മ പലപ്പോഴായ് പറയുകയുണ്ടായ്, നിനക്കെന്തുപ്പറ്റി ദിനേശ്  എല്ലാവര്‍ക്കും   സന്തോഷം പകര്‍ന്നിരുന്ന നീ ഇങ്ങനെ  തളര്‍ന്നിരുന്നാലോ. ശരിയാണ് അച്ഛന്റെ മരണ ശേഷം  വീടുറങ്ങിയപ്പോള്‍‍ തന്റെ കളി  തമാശകളില്‍ കൂടി ആയിരുന്നല്ലോ വീട് വീണ്ടും പഴയ അവസ്ഥയിലേക്ക് വന്നതെന്ന് ദിനേശ് ഓര്‍ത്തു.


                                     ജീവിതത്തില്‍ ഓര്‍ക്കാന്‍ നല്ലൊരു ഭൂതകാലം ഉണ്ടായിരുന്നിട്ടും, തന്നെ എന്തൊക്കെയോ വേട്ടയാടുന്നുവല്ലോ എന്നോര്‍ത്തപ്പോള്‍ ദിനേശിന്റെ മനസ്സില്‍ വിഭ്രാന്തികള്‍ കൂട് കൂട്ടുവാന്‍ തുടങ്ങി.കുട്ടികാലം മുതല്‍ ഒറ്റയ്ക്കുറങ്ങുകയും ഒറ്റയ്ക്ക് രാത്രികാലങ്ങളില്‍ ഇറങ്ങി നടന്നിരുന്നതുമായ താന്‍ ഇന്ന് എന്തിന്റെ പാര്‍ശ്വഫലത്താലാണ് ഇങ്ങനെ ഞെട്ടി ഉണരുന്നത്.കിനാവ്‌ കാണുവാന്‍ വേണ്ടി മാത്രം കൂടുതല്‍ സമയം ഉറങ്ങിയിരുന്ന താന്‍ ഇന്ന് ജീവിതത്തിന്റെ മുക്കാല്‍ പങ്കും ഉറക്കമളയ്ക്കുന്നുവെന്ന് തോന്നിയപ്പോള്‍ ദിനേശിന്റെ മനസ്സില്‍ ഭയവും കോപവും ഒരുമിച്ചു സംLനൃത്തം കളിക്കുവാന്‍ തുടങ്ങി.ശ്വാസം ധാരാളം ലഭിക്കുന്ന ഒരു മുറിയില്‍ നിന്നും ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട ദിനേശ് പെട്ടന്ന് മുറ്റത്തേക്കിറങ്ങി. ആകാശ സീമകളില്‍ കൂടി ഒഴുകി നടന്നിരുന്ന നക്ഷത്ര സമൂഹത്തിലേക്ക്‌ ഉറ്റു നോക്കിക്കൊണ്ട്‌ കുറെ നേരം നിന്നതുമാത്രമേ ദിനേശിന് ഓര്‍മയുള്ളൂ.




                                     ആശുപത്രി കിടക്കയില്‍ നിന്നും ഉറക്കമുണരുമ്പോള്‍ ദിനേശ് ചുറ്റുപാടും നോക്കി. തന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട്‌ അമ്മ അതാ അടുത്തിരിക്കുന്നു. തന്റെ മനസ്സിലെ സംശയം അറിഞ്ഞിട്ടെന്നപ്പോലെ അമ്മയുടെ നാവുകള്‍ വിറയലോടുകൂടി ചലിക്കുവാന്‍ തുടങ്ങി. മോന്‍ മുറ്റത്തിറങ്ങി നില്‍ക്കുന്നതും നിരീക്ഷിക്കുന്നതും കണ്ടുക്കൊണ്ടിരുന്ന എനിക്ക് എന്തന്നില്ലാത്ത സന്തോഷം തോന്നിയിരുന്നു. എന്നാല്‍ എന്റെ സന്തോഷത്തിന് ആരോ അതിര്‍ വരമ്പിട്ടെന്നപ്പോല്‍ ഒരു അലര്‍ച്ചയോടുകൂടി നീ എന്റെ അരികിലേക്ക് വന്നണയുകയായിരുന്നു. ബോധം കെടുന്നതിന് മുന്‍പ് 'കാലൊച്ചകള്‍', 'കാലൊച്ചകള്‍' എന്ന് നീ പിറുപിറുക്കുന്നുണ്ടായിരുന്നു.




                                      വീട്ടില്‍ തിരിച്ചെത്തിയ ദിനേശിന്റെ അവസ്ഥ പഴയതിലും മൂര്‍ച്ചിച്ചു. കാലത്തിന്റെ നെറുകയില്‍ ദിനേശിന്റെ അമ്മ ഒരു കണ്ണീര്‍ കടല്‍ തന്നെ തീര്‍ത്തു. ജീവിതത്തില്‍ എന്നന്നും മുന്‍പോട്ട് പോകേണ്ട മകന്‍ കുഴിയാന കണക്കെ പിറകോട്ടു ഇഴയുമ്പോള്‍ ഏതു അമ്മയ്ക്കാണു സഹിക്കാന്‍ കഴിയുന്നത്‌. കാത്തിരിപ്പിന്റെ ഫലം ശൂന്യമാണെന്ന് അറിഞ്ഞിരുന്ന നാളുകളില്‍ മകനോടൊപ്പം ഈ ലോകത്തില്‍ നിന്നു തന്നെ പോയ്‌ മറയാന്‍ ദിനേശിന്റെ അമ്മ പലപ്പോഴും ചിന്തിച്ചിരുന്നു.




                                       മനശാന്തിക്കുവേണ്ടി അല്പ്പം കവിത എഴുതാമെന്ന  മോഹവുമായി മുറിയിലേക്ക് കയറിയ ദിനേശ് എഴുതി തുടങ്ങി,


'കൂട്ടിലകപ്പെട്ട കിളിപോലെന്‍'
ജീവിതച്ഛായ
മാഞ്ഞു പോകുമീ
നിമിഷത്തില്‍'


ഭാവനകള്‍ശൂന്യമായ മനസ്സില്‍നിന്നും  നാലു വരി കവിത പിറന്നുവീണപ്പോഴേക്കും ഒരു വിറയലോടുകൂടി ദിനേശിന്റെ കയ്യില്‍ നിന്നും പേന തറയില്‍ വീഴുകയും, കാറ്റിന്റെ പ്രേരണയാല്‍ എഴുതിയ നാലു വരി കവിത മുറ്റത്തേക്കോ മറ്റോ പറന്നു പോവുകയും ചെയ്തു.


                                      
                                        കുറെ നേരം വെറുതെ ഇരുന്നപ്പോഴാണ് ദിനേശിന്റെ പൊടി തട്ടിയ മനസ്സില്‍ പഴയ കാര്യങ്ങള്‍ പടിപടിയായി തെളിയുവാന്‍ തുടങ്ങിയത്. അച്ഛന്റെ മരണത്തിനു രണ്ടാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ ഒരു നാള്‍, താങ്കളുടെ അച്ഛന്റെ മരണം വളരെ അടുത്തു കഴിഞ്ഞു എന്ന് പ്രവചിച്ച ജ്യോത്സ്യന്റെ മുഖം ദിനേശിന്റെ മനസ്സിനെ പിടിച്ചു കുലുക്കി. 


                                        ജ്യോത്സ്യന്റെ മുന്‍പിലെത്തിയ ദിനേശ് കാര്യങ്ങള്‍ വിശദീകരിച്ചു. രാശികള്‍ നോക്കി ഉടന്‍ത്തന്നെ ജ്യോത്സ്യന്‍ കളത്തിലേക്ക്കവടികള്‍ വാരി ഇട്ടു. കവടികള്‍നോക്കി ഇമ വെട്ടാതെ നിന്ന ജ്യോത്സ്യന്റെ മുഖത്തേക്ക് ദിനേശ് തുടര്‍ച്ചയായി  ജിജ്ഞ്ഞാസയുടെ  അമ്പുകള്‍ എയ്തുകൊണ്ടെയിരുന്നു. ഏതോ ഒരമ്പ് കൊണ്ടെന്നപ്പോല്‍ ജ്യോത്സ്യന്‍ പറയുവാന്‍തുടങ്ങി.
                    
                             'പറയാതെ ഇങ്ങുപോന്നു അല്ലെ'.

                                         
                                         നീണ്ട ഒരു ഇടവേളയ്ക്കു ശേഷം ജ്യോത്സ്യന്‍ തുടര്‍ന്നു. താങ്കള്‍ പതിവായ്‌ കേള്‍ക്കുന്ന 'കാലൊച്ചകള്‍' മനസ്സിന്റെ പ്രശ്നം ഒന്നും അല്ല, സ്നേഹിച്ച ആരെയോ തനിച്ചാക്കി ഒരു വാക്കു പോലും പറയുവാന്‍ നില്‍ക്കാതെ ഒരു ജന്മത്തില്‍ നിന്നു തന്നെ താങ്കള്‍ കടന്നു പോന്നതാണ്. ഒന്നു വിളിച്ചിരുന്നെങ്കില്‍ കൂടെ പോരുമായിരുന്നു, പക്ഷെ വിളിച്ചില്ല. ദിനേശിന്റെ ഹൃദയം എന്തിനോ വേണ്ടി അതിന്റെ താളം പതിവിലും കൂട്ടി. കഴിഞ്ഞ ജന്മ്മത്തില്‍ തുടങ്ങിയതാണ്‌ താങ്കളെ പിന്തുടരാന്‍. സ്നേഹം കോരിച്ചോരിഞ്ഞുകൊണ്ടുള്ള പിന്തുടര്‍ച്ച താങ്കള്‍ക്ക് അന്ന് വലിയ ഇഷ്ട്ടമായിരുന്നു, എന്നാല്‍ ഇന്ന് അവ താങ്കള്‍ക്ക് വെറും ഭയം ജനിപ്പിക്കുന്ന കാലൊച്ചകള്‍ മാത്രമാണ്. ഈ കാലൊച്ചകള്‍ ഒന്നുമല്ലെങ്കില്‍ താങ്കളോടുള്ള കോപമായിരിക്കം, അതല്ലെങ്കില്‍ വീണ്ടും സ്നേഹിക്കുവാനുള്ള മോഹമായിരിക്കാം, അതുമല്ലെങ്കില്‍ ഒരുമിച്ചു ജീവിച്ചു തീര്‍ക്കാന്‍ കഴിയാത്ത ഒരു ജന്മത്തോടുള്ള ആസക്തി ആയിരിക്കാം.ഒരു കാര്യം തീര്‍ച്ചയാണ് വരും ജന്മങ്ങളില്‍ ഒന്നില്‍ താങ്കള്‍ ആ വ്യക്തിയെ കണ്ടുമുട്ടും. അതുവരെ കാത്തിരിക്കുക , ഈശ്വരനോട് പ്രാര്‍ത്തിക്കുക.

                                         
                                          ഇനി ഒരു ജന്മം തനിക്കു വേണ്ട എന്ന് ഈശ്വരനോട് അപേക്ഷിച്ചിരുന്ന ദിനേശ് ജ്യോത്സ്യന്റെ വീട്ടില്‍ നിന്നും നടന്നകലുമ്പോള്‍ ഒരു വരും ജന്മ്മത്തിനായ് ദേവാലയങ്ങള്‍ തോറും വഴിപാടുകള്‍ നേര്‍ന്നു.