Monday, May 30, 2011

കാലത്തിനൊപ്പം വളരുവാനും സ്വപ്നം കാണുവാനും കൊതിച്ചൊരു കുട്ടിയുടെ  കഥ 


                                    ഒരു കൊച്ചു കുട്ടിയുടെ ഓമനത്തം തുളുമ്പുന്ന ശരീരമോ, വാത്സല്യം നിറഞ്ഞ സമീപനമോ  ഒന്നും തന്നെ ഇല്ലാതിരുന്ന എന്റെ കുട്ടിക്കാലം വളരെ ദുരിതപൂര്‍ണമായിരുന്നു. ആഹാരത്തിനും വസ്ത്രത്തിനും ദാരിദ്രമുള്ള എനിക്കും  എന്റെ അമ്മയ്ക്കും അടുത്ത വീട്ടിലെ ചില സ്ത്രീകള്‍ ചില വിട്ടുവീഴ്ച്ചകള്‍ ചെയ്തിരുന്നു. അരയ്ക്കു താഴോട്ട് തളര്‍ന്നുകിടക്കുന്ന  അമ്മ, ഓണക്കാലത്ത് അല്‍പ്പം അരിക്കുവേണ്ടി പണം ചോതിച്ചപ്പോള്‍ അച്ഛന്റെ  വലം കാല്‍ കൊടുത്ത സമ്മാനം. ഓര്‍മയില്‍ പോലും ഇല്ലാത്ത എന്റെ അച്ഛനോട് ഞങ്ങളെ  കളഞ്ഞിട്ടുപോയതിന് എനിക്ക് ഒരു വെറുപ്പുമില്ല, പക്ഷെ എന്തിനാണെന്റെ അമ്മയെ തളര്‍ത്തിയത് എന്ന എന്റെ ചോദ്യത്തില്‍ ഞാന്‍ ഇന്നും കുടുങ്ങി കിടക്കുന്നു.

                                      അമ്മയുടെ വേദനാജനകമായ ജീവിതത്തില്‍ എനിക്ക് ഒരു നല്ല പേര് പോലും ഇടാന്‍ അമ്മ മറന്നുപോയി. പക്ഷെ നാട്ടുകാര്‍ എന്നെ പല പല പേരുകളില്‍ വിളിച്ചു. എടാ മുടിഞോനെ, തെണ്ടി.... . ഞാന്‍ എന്റെ ചെവികള്‍ ഒരിക്കലും മൂടിക്കെട്ടിയില്ല കാരണം വിശപ്പിന്റെ കാടിന്യത്തില്‍ ഒന്നും തന്നെ ഞാന്‍ കേട്ടില്ല.

                                       ദുരിതപൂര്‍ണമായ ദിനങ്ങളില്‍ സ്വല്‍പ്പം സ്വല്‍പ്പം സ്വപ്പനം കാണുവാന്‍ തുടങ്ങിയ ഞാന്‍ എന്റെ  വിഷമങ്ങള്‍ മറക്കുവാന്‍ വേണ്ടി തൊടിയില്‍ നടന്നു കല്ലുകള്‍ ശേഖരിക്കുവാന്‍  തുടങ്ങി. ഓരോ കല്ലുകളും എന്നെ സംബന്ധിച്ച്  ഓരോ സ്വപ്നങ്ങളായിരുന്നു, അവ ഞാന്‍ എന്റെ തലയ്ക്കല്‍ ഉള്ള പെട്ടിയില്‍  സൂക്ഷിച്ചു. നഷ്ട്ടപെടുന്ന ഓരോ ദിനങ്ങളെയും  ഓരോ നിമിഷങ്ങളേയും കല്ലുകളുടെ രൂപത്തില്‍  സ്വപ്നങ്ങളായ് ഞാന്‍ സൂക്ഷിച്ചു വെച്ചു.

                                         കടം വാങ്ങിച്ച  പണം തിരികെ വാങ്ങുവാന്‍ വീട്ടില്‍ വന്ന്‌ ബഹളം വെച്ചിരുന്നവരില്‍ ഒരാള്‍, ഒരിക്കല്‍ എന്റെ കല്ലുകള്‍ സൂക്ഷിച്ചിരുന്ന പെട്ടി വെളിയിലേക്ക് വലിച്ചെറിഞ്ഞു അന്ന് തെറിച്ചു പോയത്, എന്റെ പ്രതീക്ഷയും എന്റെ സ്വപ്നങ്ങളുമായിരുന്നു.

                                          ഇന്ന് ഞാന്‍ സ്വപ്നം കാണാറില്ല, കാരണം നാളെ ആരുടെ എങ്കിലും രൂപത്തില്‍ അവ നശിപ്പിച്ചാലോ  എന്ന് ഭയന്ന്.