Sunday, January 8, 2012

പ്രപഞ്ച രഹസ്യങ്ങള്‍ക്കു മുന്‍പില്‍ നമ്രശിരസ്കനായിരുന്ന കുട്ടിയുടെ കഥ

                     പൂത്തുനില്ക്കുന്ന കൈതകള്‍കക്കരെപുഴകള്‍കക്കരെ മലകള്‍കക്കരെ ഭൂമി അതിന്‍റെ ശൈശവാവസ്ഥയില്‍ എന്നപ്പോലെ തണുത്തുറഞ്ഞു കിടന്നു.അവിടെ ഒരു വൃക്ഷത്തിന്‍റെ ചുവട്ടിലായുള്ള ഒരു കുടിലില്‍  നിശീതിനിയുടെ പാതസ്വരവും കേട്ടുകൊണ്ട്  ഒരു കുട്ടി തന്‍റെ സ്ഥായിയായ വിളക്കിനു മുന്‍പില്‍ പ്രപഞ്ച രഹസ്യത്തിനായ് കാതോര്‍ത്തിരുന്നു.നിശ്ചലരൂപനായിരുന്ന ആ കുട്ടിക്കു മുന്‍പില്‍ പഞ്ചഭൂതങ്ങള്‍  താണുവണങ്ങി.ആയിരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെന്നോണം ഒരു മാരുതന്‍ അവന്‍റെ കുടിലിനു ചുറ്റും വീശിയടിച്ചു,വിളക്കണഞ്ഞു,കുട്ടിയുറങ്ങി. ഉറക്കത്തിലും അവന്‍ തന്‍റെ ശ്രവണ അമ്പുകള്‍ പ്രപഞ്ചത്തിലേക്ക്  തോടുത്തുകൊണ്ടേയിരുന്നു.


                                             കോരിച്ചൊരിയുന്ന അനാഥിയായ ഒരു മഴ കുട്ടിയെ തേടിയെത്തി. കുടിലിനുമുകളില്‍ ദ്വന്ദയുദ്ധം നടത്തിയിരുന്ന മേഞ്ഞ ഓലകള്‍ക്കിടയിലൂടെ ഒരു മഴതുള്ളി അതിന്‍റെ എല്ലാ പ്രസരിപ്പോടുംകൂടി അവനെ ചുംബിച്ചു.  കുട്ടി കണ്ണുമിഴിച്ചു കിടന്നു. മഴതുള്ളി അവനോടു ചോദിച്ചു, എന്തേ  ഒന്നും മിണ്ടാത്തത്, കാതങ്ങള്‍ക്കപ്പുറത്തു നിന്നും ഇതിനാണോ നിന്നെ ഞാന്‍ സന്ധിച്ചത്.കുട്ടിക്ക് വിഷമമായി, അവന്‍ കരഞ്ഞു, പ്രപഞ്ച ശക്തികളോട് മാപ്പപേക്ഷിച്ചു. മഴതുള്ളി പ്രസാദിച്ചു, അത് അവന്‍റെ മുഖത്തുനിന്നും താഴോട്ടൊഴുകി അവനെ ആശ്വസിപ്പിച്ചു, കുട്ടി ചിരിച്ചു, മഴത്തുള്ളിയും.  മഴത്തുള്ളി അവനെ പ്രപഞ്ചരഹസ്യങ്ങളുടെ വരമ്പില്‍ കൂടി നയിച്ചു, കുട്ടി കാതോര്‍ത്തിരുന്നു, മഴത്തുള്ളി വിവരണം തുടങ്ങി. കുട്ടിക്കറിയുമോ മഴത്തുള്ളികള്‍ പലതാണെന്നും പറഞ്ഞ് മനുഷ്യര്‍ ഞങ്ങളെ പരിഹസിക്കുകയാണെന്ന്. ഞങ്ങള്‍ ഒന്നാണ് കുട്ടീ, ഭൂമി ഗര്‍ഭാവസ്ഥയില്‍ മുളപൊട്ടിയ നാള്‍ മുതല്‍ ഞങ്ങള്‍ ഒന്നാണ്. മഴത്തുള്ളി  മൌനമായിരുന്നു, കുട്ടിയും.മഴത്തുള്ളി തുടര്‍ന്നു, ഭൂമിയില്‍ ആദ്യമായി ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും ഞങ്ങള്‍ തന്നെ. എന്തിനു വേണ്ടിയായിരുന്നു ഞങ്ങള്‍ അന്ന് ഗര്‍ഭം ധരിച്ചതെന്ന് നിനക്കറിയുമോ, നിന്‍റെ പൂര്‍വ്വികര്‍ക്കുവേണ്ടി, അവറ്റകള്‍ ആദ്യമായി ഉണ്ടായത് ജലത്തിലാണെന്ന് നീ വായിച്ചിട്ടില്ലേ... കുട്ടി തലകുലുക്കി.


                                       പ്രപഞ്ചരഹസ്യങ്ങളുടെ വരമ്പില്‍ കൂടി കുട്ടിയും മഴത്തുള്ളിയും വളരെയതികം നടന്നു കഴിഞ്ഞിരുന്നു. മഴത്തുള്ളി കുട്ടിയെ തന്‍റെ അടുത്തേക്ക്‌ ചേര്‍ത്തുനിര്‍ത്തി  വീണ്ടും തുടര്‍ന്നു.കുട്ടിക്കറിയുമോ നിന്‍റെ പൂര്‍വ്വികര്‍ ഞങ്ങളുടെ ഗര്‍ഭകാലം നോക്കിയായിരുന്നു കൃഷിയിറക്കിയിരുന്നതെന്ന് , അതവര്‍ക്ക് ലാഭമുളവാക്കി, കൃഷി വിജയിച്ചു.പക്ഷേ കുട്ടീ, മഴത്തുള്ളി എന്തോ ചിന്തിച്ചെന്നപോല്‍ കുറെയതികം നിമിഷം ഒന്നും മിണ്ടാതെ നിന്നു, പിന്നെ വീണ്ടും തുടര്‍ന്നു.അവര്‍ രാസപഥാര്‍ത്തങ്ങള്‍  ഞങ്ങളുടെ മേല്‍  വാരിവിതറി, ഞങ്ങളെ എന്തന്നില്ലാതെ കരയിപ്പിച്ചു, ഞങ്ങള്‍ ആര്‍ത്തു  കരഞ്ഞു.ആ കണ്ണുനീര്‍ മഴയായി തെറ്റിധരിച്ച് അവര്‍ നൃത്തം ചവിട്ടി, ആ കണ്ണുനീര്‍ അവര്‍ കോരികുടിച്ചു, കുട്ടീ നിനക്കറിയുമോ അന്ന് ഞങ്ങളുടെ ഗര്‍ഭപാത്രം കരിഞ്ഞുപോയെന്ന്, ഞങ്ങള്‍ പ്രസവിക്കാതായെന്ന്.നിന്‍റെ വംശപരമ്പരയുടെ കണ്ണുനീര്‍ കാണുന്നില്ലേ കുട്ടീ ഇന്നു നീ. കൃഷിയിറക്കിയാല്‍ അവ മുഴുവന്‍ കരിഞ്ഞു പോകുന്നു, ആയിരങ്ങള്‍ വെള്ളം ലഭിക്കാതെ മരിക്കുന്നു, പുഴകള്‍ വറ്റിവരളുന്നു, മരങ്ങള്‍ കരിഞ്ഞുണങ്ങുന്നു, മഞ്ഞുമലകള്‍ ഉരുകുന്നു.എന്തിനാണു കുട്ടീ അന്ന് നിന്‍റെ പിതാമഹര്‍ ഞങ്ങളെ കരയിപ്പിച്ചത്, കുട്ടി മൌനിയായിരുന്നു, അവന് വിഷമമായി, അവന്‍ കരഞ്ഞു. കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ട്, അവനില്‍ പ്രപഞ്ചരഹസ്യങ്ങളുടെ തൃഷ്ണ വാരി വിതറിക്കൊണ്ട് ആ മഴത്തുള്ളി ഭൂമിയിലേക്ക്‌ ആഴ്ന്നിറങ്ങി.




                                       മാനം തെളിഞ്ഞു, കുട്ടി തന്‍റെ കുടിലില്‍ നിന്നും നഗ്നപാദനായി പുറത്തിറങ്ങി. അപ്പോഴും ഭൂമിയില്‍ നനവ്‌ കണ്ണീര്‍ ചാലുപോലെ വറ്റാതെ കിടന്നു.അവന്‍ കുറെ നേരം ആകാശത്തിലെ കാര്‍മേഘങ്ങളെ  നോക്കിനിന്നു, ശേഷം കുടിലില്‍ കയറി തന്‍റെ തോള്‍സഞ്ചിയുമെടുത്തുകൊണ്ട് കാട്ടിലേക്കു നടന്നു. കാടെത്തിയ നിമിഷം തന്നെ അവന്‍ സസൂഷ്മം കാടിനെയൊന്നാകെ തന്‍റെ കണ്ണുകൊണ്ട് ഉഴിഞ്ഞു.കിളികള്‍ ചിലയ്ക്കുന്നു,കാട്ടരുവിയുടെ കളകള ഗാനം മുഴങ്ങുന്നു, വൃക്ഷങ്ങള്‍ കാട്ടിലുരഞ്ഞുണ്ടാകുന്ന ധ്വനി കാതില്‍ സംഗീത തേന്‍മഴ പൊഴിക്കുന്നു. വെള്ളപ്പുടവ ഉടുത്തപോല്‍ കാട്ടില്‍ മഞ്ഞിന്‍ കണങ്ങള്‍ വൃക്ഷലതാദികളില്‍ പറ്റിനില്‍ക്കുന്നു. അവനില്‍ കാട്ടുമനുഷ്യന്‍റെ ജ്ഞാനം ഉണര്‍ന്നു, വനദേവതമാരെ വിളിച്ചവന്‍ പ്രാര്‍ത്തിച്ചു. ഹിമകണങ്ങള്‍ അവനുമുന്‍പില്‍ അപ്രത്യേക്ഷമായി.കുട്ടിയില്‍ ജിജ്ഞ്ഞാസ ഉണര്‍ത്തിക്കൊണ്ട് ഒരു കിളി അവനുമുന്‍പില്‍ പറന്നിരുന്നു. അവന്‍ അതിനുനേരെ നിഷ്കളങ്കമായ തന്‍റെ കരം നീട്ടി, പക്ഷെ കിളി അനുനിമിഷം തന്നെ അടുത്തുള്ള ഒരു മരത്തിന്‍റെ കൊമ്പില്‍ പറന്നിരുന്നു. അവ കുട്ടിയോടായി പറഞ്ഞു, എനിക്ക് നിന്‍റെ വര്‍ഗ്ഗത്തിനെ വിശ്വാസമില്ല. ഒരു പക്ഷെ നിനക്കറിയില്ല കുട്ടീ നിന്‍റെ പൂര്‍വ്വികരെക്കുറിച്ച്‌, അവറ്റകള്‍ ഞങ്ങളോട് ചെയ്തിരുന്നതിനെക്കുറിച്ച്‌.കുട്ടിയില്‍ നിഷ്കളങ്കത്ത ഭാവം ദര്‍ശിച്ച കിളി അവന്‍റെ മുന്‍പില്‍ പറന്നിരുന്നുകൊണ്ട് വീണ്ടും തുടര്‍ന്നു. അന്നൊക്കെ കാട്ടില്‍ വസന്തം ചേക്കേറുമ്പോള്‍ ഞങ്ങളുടെ വംശത്തിന് അതൊരു ഉത്സവം തന്നെയായിരുന്നു, ഇണകളുമൊത്തുള്ള നിമിഷങ്ങള്‍, അവരുമൊത്തുള്ള സായാഹ്നങ്ങള്‍, അവയൊക്കെയും ഞങ്ങളില്‍  പ്രണയത്തിന്‍റെ വിത്തുകള്‍ പാകി, അവയില്‍ മുളകള്‍ പൊന്തി, അവ പടര്‍ന്നു, കായ്ച്ചു. ആ നിമിഷങ്ങളിലൊക്കെയും  ഞങ്ങളുടെ സപ്ത നാഡികളും പ്രണയിനികള്‍ക്കായി തുടിച്ചു. ആ തുടിപ്പുകളൊക്കയും എന്നന്നേക്കുമായി നിലപ്പിച്ചുകൊണ്ട് നിന്‍റെ പൂര്‍വ്വികര്‍ കാടിനെ പിടിച്ചടക്കി. അവറ്റകള്‍ കാട്ടിലെ ഒരൊറ്റ ജീവിയെയും വെറുതെ വിട്ടില്ല. കാടിന്‍റെ രോദനം എങ്ങും പ്രതിധ്വനിച്ചു.പ്രണയം എന്തെന്നറിയാത്ത അവറ്റകള്‍ തേവിടിശ്ശികളുമായി അഴിഞ്ഞാടി, ഉന്മത്തമായ  ദിനങ്ങളില്‍ കാടിനെ ബലാല്‍സംഘം ചെയ്തു.പ്രണയത്തിനുമേല്‍, പ്രണയിനികള്‍ക്കുമേല്‍ ശരങ്ങള്‍ വര്‍ഷിച്ചുകൊണ്ട് അവറ്റകള്‍ ഞങ്ങളുടെ മുന്‍പില്‍ താണ്ടവമാടി. ആ നിമിഷത്തില്‍ ഞങ്ങളുടെ ഇണകള്‍ ശരചുംബനത്താല്‍  നിലംപതിച്ചു, അതുകണ്ട് ഞങ്ങള്‍ തപിച്ചു. മരണം ജീവിതത്തില്‍ അനിവാര്യമായ ഒരു അവസ്ഥയാണെന്നു മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചു. പക്ഷേ, എന്തോ പറയാന്‍ തുടങ്ങിയ പക്ഷി പെട്ടെന്ന് നിശബ്ധമായി ഇരുന്നു. കുട്ടിയെ ആശ്ചര്യകുതുകിയാക്കിക്കൊണ്ട്  ആ നിമിഷം പക്ഷിയില്‍  നിന്നും ഒരു തുള്ളി കണ്ണുനീര്‍ ഭൂമിയെ നുണഞ്ഞു. പക്ഷി കരയുകയോ, അത്ഭുതസ്തബ്ധനായി  നിന്ന കുട്ടിക്കുമുന്‍പില്‍ പ്രപഞ്ചരഹസ്യങ്ങള്‍ വീണ്ടും ചുരുളഴിഞ്ഞുതുടങ്ങി. ആശ്ചര്യകുതുകിയായി നിലകൊണ്ട കുട്ടിയെ ഉണര്‍ത്തികൊണ്ട് പക്ഷി വീണ്ടും തുടര്‍ന്നു. അവര്‍ ജീവനറ്റ ഞങ്ങളുടെ ഇണകളെ ഞങ്ങള്‍ക്കു മുന്‍പില്‍ വെച്ചുതന്നെ തീയില്‍ ചുട്ടുതിന്നു. അത് നേരില്‍ കണ്ട ഞങ്ങള്‍ തളര്‍ന്നുപ്പോയി. ഇന്നും ആ നിമിഷങ്ങള്‍ ഒരു ഞെട്ടലോടുകൂടിയാണ് ഓര്‍മ്മിക്കാന്‍ കഴിയുന്നത്‌. ഇണകളെ ചുട്ടുതിന്ന പൂര്‍വ്വികരുടെ കൊടും ക്രൂരതയോര്‍ത്തപ്പോള്‍ കുട്ടിക്ക് നാവ് വറ്റുന്നതായി തോന്നി, കണ്ണു കാണാതാവുന്നതായി തോന്നി, തല കറങ്ങുന്നതായും. അവന്‍ അത്യുച്ചത്തില്‍ കരയുവാന്‍ തുടങ്ങി, പ്രപഞ്ചശക്തികളോട് മാപ്പപേക്ഷിച്ചു.കുട്ടിയെ ആശ്വസിപ്പിച്ചുക്കൊണ്ട്, പ്രപഞ്ചരഹസ്യങ്ങളുടെ  അംശം തുളുമ്പുന്ന വര്‍ണ്ണാഭമായ ഒരു പൊന്‍തൂവല്‍ അവനു സമ്മാനിച്ചുകൊണ്ട് പക്ഷി  വാനിലേക്ക് പറന്നുയര്‍ന്നു. 




                                   കുടിലില്‍ തിരികെ വന്ന കുട്ടി തന്‍റെ തോള്‍സഞ്ചിയില്‍നിന്നും ഒരു കുറിപ്പെടുത്ത്‌ ഇങ്ങനെ എഴുതി, " പ്രപഞ്ച രഹസ്യത്തിനായുള്ള തിരച്ചിലിനിടയില്‍ മനുഷ്യന്‍റെ വേറിട്ട ഭാവങ്ങള്‍ പ്രകൃതി എനിക്കുമുന്‍പില്‍  അനാവരണം  ചെയ്തു തന്നു. ഞാന്‍ തേടിനടന്നിരുന്ന പല രഹസ്യങ്ങളും മനുഷ്യനില്‍ അന്തര്‍ലീനമായിരുന്നു, പക്ഷേ അവന്‍ ആ രഹസ്യങ്ങളൊക്കെയും ചിന്തകള്‍ക്കൊണ്ട് ഉണര്‍ത്തുവാന്‍ നില്‍ക്കാതെ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ക്കൊണ്ട് ഉണര്‍ത്തുവാന്‍ ശ്രമിച്ചു.അങ്ങനെ അവന്‍ ഭൂമിയില്‍ നിഗൂഡതകള്‍ ദര്‍ശിച്ചു. അവനെ അറിയാമായിരുന്ന അവന് അറിയാമായിരുന്ന പ്രകൃതി അവനില്‍ നിന്നും അകന്നുപോയി. ഭൂമിയിലെ പല പ്രതിഭാസങ്ങളും അവന് അജ്ഞാതമായി  തുടര്‍ന്നു. അവന്‍ രക്തദാഹിയായ ആധുനിക മനുഷ്യനായി, മാനുഷിക മൂല്യങ്ങള്‍ നഷ്ട്ടപെട്ട മനുഷ്യന്‍" 




                                   കുട്ടി തന്‍റെ കുറിപ്പിന്‍റെ അവസാന താളില്‍ ഇങ്ങനെ കുറിച്ചിട്ടു, " ഈ യുഗം അവസാനിക്കാന്‍ പോകുന്നു, അതാ എന്‍റെ കുടിലിനു മുന്‍പില്‍ നിന്നുകൊണ്ട് മൃതപ്രായനായ ഈ യുഗം എന്നെ എത്തി നോക്കുന്നു. ഞാനും ഈ യുഗവും ചരിത്രത്തിലേക്ക്  മടങ്ങുകയാണ്.ചരിത്രത്തിന്‍റെ ഏതെങ്കിലും ഒരു താളില്‍ ഞാനോ, ഈ യുഗമോ, അതിലെ പ്രതിഭാസങ്ങളോ നിങ്ങള്‍ക്കു മുന്‍പില്‍ അനാവരണം ചെയ്യപ്പെട്ടേക്കാം. "




                                    ഇരുട്ട് കുടിലിനെ ദംശിച്ചു, അത് കുട്ടിയിലേക്കും പടരുവാന്‍ തുടങ്ങിയ നേരം അവന്‍ നഗ്നപാദനായി പ്രപഞ്ച രഹസ്യങ്ങളെ നമിച്ചുകൊണ്ട് ഇരുളിലേക്കിറങ്ങി നടന്നു. കുട്ടി ഇരുളിനെ വാരി പുണര്‍ന്നു, ഇരുള്‍ കുട്ടിയേയും.




" കുട്ടി പറഞ്ഞതൊക്കെയും ശരിയായിരുന്നു "




                                     പൂത്തുനില്‍ക്കുന്ന കൈതകള്‍കിക്കരെ,പുഴകള്‍കിക്കരെ, മലകള്‍കിക്കരെ, ഒരുകൂട്ടം വിദ്യാര്‍ഥികള്‍ക്കു മുന്‍പില്‍ ഒരധ്യാപകന്‍ തുറന്നു പിടിച്ച ഒരു ചിത്രവുമായി നിന്നു. അതില്‍ ഒരു കുട്ടി അധ്യാപകനോടായി ഇങ്ങനെ ചോദിച്ചു , ' സര്‍ യന്ത്രങ്ങള്‍ തുപ്പുന്ന പുകച്ചുരുളുകള്‍  ഈ ചിത്രത്തില്‍ കാണുന്ന ആകൃതിയില്‍ ഇങ്ങനെ ഭൂമിയിലേക്ക്‌ പൊഴിഞ്ഞുവീഴുമോ '.  അധ്യാപകന്‍റെ മുഖത്ത് ഒരു മന്ദഹാസം വിരിഞ്ഞു, അയാള്‍ കുട്ടികളോടായി പറഞ്ഞു, 'നിങ്ങള്‍ നേരില്‍ കണ്ടിട്ടില്ലാത്തതും അറിഞ്ഞു  കൂടാത്തതും ആയതുകൊണ്ടാകാം ഇങ്ങനെ ഒരു സംശയം ചോദിച്ചത്. ഇത് യുഗങ്ങള്‍ക്കു മുന്‍പ് ഭൂമിയില്‍ പെയ്തിരുന്ന ഒരു മഴയുടെ രേഖാ ചിത്രമാണ്‌ ' കുട്ടികളില്‍ അത്ഭുതത്തിന്‍റെ ആരവം മുഴങ്ങി, അതില്‍ മുന്‍നിരയില്‍ നിന്ന ഒരു കുട്ടിയുടെ കൃഷ്ണമണിയില്‍ ആ മഴയുടെ രേഖാചിത്രം മനോഹരമായി പ്രതിബിംബിച്ചു, അതില്‍ ഒരു കുട്ടിയും. 

1 comment:

പൊട്ടന്‍ said...

ചിലയിടങ്ങള്‍ ഇഷ്ടമായി. മൊത്തത്തില്‍ ഭ്രമകല്പനയിലൂടെ അമൂര്‍ത്തങ്ങളെ തൂലികയിലൊതുക്കുമ്പോള്‍ വരുന്ന പാളിച്ചകളെ അതിജീവിക്കുവാന്‍ പലയിടത്തും കഴിഞ്ഞില്ല എന്ന തോന്നല്‍ ഉളവാകുന്നു.