Saturday, February 25, 2012

എന്തുപറ്റി

എന്‍റെ രാഗത്തിനെന്തുപറ്റി
എന്‍റെ രൂപത്തിനെന്തുപറ്റി
കൌമാര സ്വപ്‌നങ്ങള്‍ തത്തിക്കളിച്ചയെ-
ന്നുടെ ഹൃദയത്തിനെന്തുപറ്റി
വിപ്ലവം സിരയില്‍ തുടിച്ചുനിന്നൊരാ-
ഉജ്ജ്വലമായ കാലത്തിനെന്തുപറ്റി.

ഓണവും ഓണക്കളിയും 
വിഷുവും വിഷുക്കണിയും 
പാടവും കൊയ്ത്തും ഞാറ്റുവേലപാട്ടും 
പാടാതെ പോയ മൂളിപ്പാട്ടും 
പറങ്കിമാവിന്‍പ്പഴത്തിന്‍ മധുരവും 
വരിക്കച്ചക്കതന്‍ തേനൂറും സ്വാദും 
ഊറി തുടിച്ചുനിന്നൊരെന്‍
സ്മൃതികള്‍ക്കിന്നെന്തുപ്പറ്റി 

വിദ്യാലയത്തിന്‍ പടിവാതിലില്‍ 
തന്‍റെ മകനായി  കാത്തുനിന്നൊരച്ചന്‍റെയും
ഒരുപിടി ചോറുമായി തന്‍ മകനുമുന്‍പില്‍
സ്നേഹം പൊഴിച്ചുനിന്നൊരമ്മയുടെയും
ഓര്‍മ്മകള്‍ തിങ്ങി നിറനിറഞ്ഞൊരാ
ദിനങ്ങള്‍ക്കിന്നെന്തുപറ്റി.

സ്ത്രീത്വം തുടിച്ചുനിന്നൊരെന്‍ പ്രണയിനിക്കൊപ്പം
സ്വര്‍ഗം പുല്‍കിയും തഴുകിയും നിന്നതും 
ചുണ്ടുകള്‍ ചുംബനം രചിച്ചതും 
കെട്ടിപ്പുണര്‍ന്നു പ്രണയം പകുത്തതും 
പൂവും പൂമ്പാറ്റയും ഒരുമിച്ചുശയിച്ചൊരാ ദിനങ്ങളില്‍ 
അവള്‍ക്കൊപ്പം പിച്ചവെച്ചുനടന്നതും 
ഋതുമതിയായ ദിനങ്ങളില്‍ അവളുടെ കണ്‍കളില്‍ 
തുളുമ്പിനിന്ന നാണത്തെ സാക്ഷിനിര്‍ത്തി 
കവിതകള്‍ രചിച്ചതും പാടി പകര്‍ന്നതും 
നര്‍മ്മം പറഞ്ഞു ചിരിച്ചതും 
ശ്രിങ്കാരം പറഞ്ഞു കാമിച്ചതും
ചെവിയില്‍ മന്ത്രിച്ചും ഇക്കിളികൂട്ടിയും 
നടന്നൊരാ ദിനങ്ങള്‍ക്കിന്നെന്തുപറ്റി.

1 comment:

Arun Kumar Pillai said...

വെറുതേയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതേ മോഹിക്കാനൊരു മോഹം.........

:)
നന്നായിട്ടുണ്ട്, ഇനിയും എഴുതുക