Thursday, January 13, 2011

കാലൊച്ചകള്‍             
                                     കറുത്തിരുണ്ട രാത്രികളില്‍ പതിവായ്‌ തളര്‍ന്നുറങ്ങിയിരുന്ന ദിനേശ് ആരോ വിളിച്ചെന്നപോല്‍ ഞെട്ടി  ഉണരുക പതിവായിരുന്നു. തന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയ്ക്ക് ആദ്യമായിട്ടാണ് പതിവായ്‌ ഇങ്ങനെ ഞെട്ടി ഉണരുന്നത്. പതിവായ്‌ ഇങ്ങനെ ഞെട്ടി ഉണരുന്നത് ഒരു അസുഖമാണെന്നാണ് ഡോക്ടര്‍ ഇന്നലയും കൂടി സംസാരിച്ചത്.  എന്നാല്‍ അസുഖത്തിന്റെ വ്യക്തമായ പേരും, അതിന്റെ ചികിത്സാ രീതികളും അവരെക്കൊണ്ട് വെളിപ്പെടുത്താന്‍ കഴിയുകയില്ല കാരണം അവര്‍ പറയുന്ന അസുഖമാണെങ്കില്‍ ഉറക്കത്തിലാണ് ഞെട്ടി ഉണരേണ്ടത്. എന്നാല്‍ ദിനേശ് ഇപ്പോള്‍ ഉണര്‍ന്നിരിക്കുമ്പോഴും ഞെട്ടി ഉണരാറുണ്ട്.                                     കൂനി കൂടി ആരോടും മിണ്ടാതിരുന്ന ദിനേശിനെ തട്ടി  ഉണര്‍ത്തിക്കൊണ്ട് അവന്റെ അമ്മ പലപ്പോഴായ് പറയുകയുണ്ടായ്, നിനക്കെന്തുപ്പറ്റി ദിനേശ്  എല്ലാവര്‍ക്കും   സന്തോഷം പകര്‍ന്നിരുന്ന നീ ഇങ്ങനെ  തളര്‍ന്നിരുന്നാലോ. ശരിയാണ് അച്ഛന്റെ മരണ ശേഷം  വീടുറങ്ങിയപ്പോള്‍‍ തന്റെ കളി  തമാശകളില്‍ കൂടി ആയിരുന്നല്ലോ വീട് വീണ്ടും പഴയ അവസ്ഥയിലേക്ക് വന്നതെന്ന് ദിനേശ് ഓര്‍ത്തു.


                                     ജീവിതത്തില്‍ ഓര്‍ക്കാന്‍ നല്ലൊരു ഭൂതകാലം ഉണ്ടായിരുന്നിട്ടും, തന്നെ എന്തൊക്കെയോ വേട്ടയാടുന്നുവല്ലോ എന്നോര്‍ത്തപ്പോള്‍ ദിനേശിന്റെ മനസ്സില്‍ വിഭ്രാന്തികള്‍ കൂട് കൂട്ടുവാന്‍ തുടങ്ങി.കുട്ടികാലം മുതല്‍ ഒറ്റയ്ക്കുറങ്ങുകയും ഒറ്റയ്ക്ക് രാത്രികാലങ്ങളില്‍ ഇറങ്ങി നടന്നിരുന്നതുമായ താന്‍ ഇന്ന് എന്തിന്റെ പാര്‍ശ്വഫലത്താലാണ് ഇങ്ങനെ ഞെട്ടി ഉണരുന്നത്.കിനാവ്‌ കാണുവാന്‍ വേണ്ടി മാത്രം കൂടുതല്‍ സമയം ഉറങ്ങിയിരുന്ന താന്‍ ഇന്ന് ജീവിതത്തിന്റെ മുക്കാല്‍ പങ്കും ഉറക്കമളയ്ക്കുന്നുവെന്ന് തോന്നിയപ്പോള്‍ ദിനേശിന്റെ മനസ്സില്‍ ഭയവും കോപവും ഒരുമിച്ചു സംLനൃത്തം കളിക്കുവാന്‍ തുടങ്ങി.ശ്വാസം ധാരാളം ലഭിക്കുന്ന ഒരു മുറിയില്‍ നിന്നും ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട ദിനേശ് പെട്ടന്ന് മുറ്റത്തേക്കിറങ്ങി. ആകാശ സീമകളില്‍ കൂടി ഒഴുകി നടന്നിരുന്ന നക്ഷത്ര സമൂഹത്തിലേക്ക്‌ ഉറ്റു നോക്കിക്കൊണ്ട്‌ കുറെ നേരം നിന്നതുമാത്രമേ ദിനേശിന് ഓര്‍മയുള്ളൂ.
                                     ആശുപത്രി കിടക്കയില്‍ നിന്നും ഉറക്കമുണരുമ്പോള്‍ ദിനേശ് ചുറ്റുപാടും നോക്കി. തന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട്‌ അമ്മ അതാ അടുത്തിരിക്കുന്നു. തന്റെ മനസ്സിലെ സംശയം അറിഞ്ഞിട്ടെന്നപ്പോലെ അമ്മയുടെ നാവുകള്‍ വിറയലോടുകൂടി ചലിക്കുവാന്‍ തുടങ്ങി. മോന്‍ മുറ്റത്തിറങ്ങി നില്‍ക്കുന്നതും നിരീക്ഷിക്കുന്നതും കണ്ടുക്കൊണ്ടിരുന്ന എനിക്ക് എന്തന്നില്ലാത്ത സന്തോഷം തോന്നിയിരുന്നു. എന്നാല്‍ എന്റെ സന്തോഷത്തിന് ആരോ അതിര്‍ വരമ്പിട്ടെന്നപ്പോല്‍ ഒരു അലര്‍ച്ചയോടുകൂടി നീ എന്റെ അരികിലേക്ക് വന്നണയുകയായിരുന്നു. ബോധം കെടുന്നതിന് മുന്‍പ് 'കാലൊച്ചകള്‍', 'കാലൊച്ചകള്‍' എന്ന് നീ പിറുപിറുക്കുന്നുണ്ടായിരുന്നു.
                                      വീട്ടില്‍ തിരിച്ചെത്തിയ ദിനേശിന്റെ അവസ്ഥ പഴയതിലും മൂര്‍ച്ചിച്ചു. കാലത്തിന്റെ നെറുകയില്‍ ദിനേശിന്റെ അമ്മ ഒരു കണ്ണീര്‍ കടല്‍ തന്നെ തീര്‍ത്തു. ജീവിതത്തില്‍ എന്നന്നും മുന്‍പോട്ട് പോകേണ്ട മകന്‍ കുഴിയാന കണക്കെ പിറകോട്ടു ഇഴയുമ്പോള്‍ ഏതു അമ്മയ്ക്കാണു സഹിക്കാന്‍ കഴിയുന്നത്‌. കാത്തിരിപ്പിന്റെ ഫലം ശൂന്യമാണെന്ന് അറിഞ്ഞിരുന്ന നാളുകളില്‍ മകനോടൊപ്പം ഈ ലോകത്തില്‍ നിന്നു തന്നെ പോയ്‌ മറയാന്‍ ദിനേശിന്റെ അമ്മ പലപ്പോഴും ചിന്തിച്ചിരുന്നു.
                                       മനശാന്തിക്കുവേണ്ടി അല്പ്പം കവിത എഴുതാമെന്ന  മോഹവുമായി മുറിയിലേക്ക് കയറിയ ദിനേശ് എഴുതി തുടങ്ങി,


'കൂട്ടിലകപ്പെട്ട കിളിപോലെന്‍'
ജീവിതച്ഛായ
മാഞ്ഞു പോകുമീ
നിമിഷത്തില്‍'


ഭാവനകള്‍ശൂന്യമായ മനസ്സില്‍നിന്നും  നാലു വരി കവിത പിറന്നുവീണപ്പോഴേക്കും ഒരു വിറയലോടുകൂടി ദിനേശിന്റെ കയ്യില്‍ നിന്നും പേന തറയില്‍ വീഴുകയും, കാറ്റിന്റെ പ്രേരണയാല്‍ എഴുതിയ നാലു വരി കവിത മുറ്റത്തേക്കോ മറ്റോ പറന്നു പോവുകയും ചെയ്തു.


                                      
                                        കുറെ നേരം വെറുതെ ഇരുന്നപ്പോഴാണ് ദിനേശിന്റെ പൊടി തട്ടിയ മനസ്സില്‍ പഴയ കാര്യങ്ങള്‍ പടിപടിയായി തെളിയുവാന്‍ തുടങ്ങിയത്. അച്ഛന്റെ മരണത്തിനു രണ്ടാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ ഒരു നാള്‍, താങ്കളുടെ അച്ഛന്റെ മരണം വളരെ അടുത്തു കഴിഞ്ഞു എന്ന് പ്രവചിച്ച ജ്യോത്സ്യന്റെ മുഖം ദിനേശിന്റെ മനസ്സിനെ പിടിച്ചു കുലുക്കി. 


                                        ജ്യോത്സ്യന്റെ മുന്‍പിലെത്തിയ ദിനേശ് കാര്യങ്ങള്‍ വിശദീകരിച്ചു. രാശികള്‍ നോക്കി ഉടന്‍ത്തന്നെ ജ്യോത്സ്യന്‍ കളത്തിലേക്ക്കവടികള്‍ വാരി ഇട്ടു. കവടികള്‍നോക്കി ഇമ വെട്ടാതെ നിന്ന ജ്യോത്സ്യന്റെ മുഖത്തേക്ക് ദിനേശ് തുടര്‍ച്ചയായി  ജിജ്ഞ്ഞാസയുടെ  അമ്പുകള്‍ എയ്തുകൊണ്ടെയിരുന്നു. ഏതോ ഒരമ്പ് കൊണ്ടെന്നപ്പോല്‍ ജ്യോത്സ്യന്‍ പറയുവാന്‍തുടങ്ങി.
                    
                             'പറയാതെ ഇങ്ങുപോന്നു അല്ലെ'.

                                         
                                         നീണ്ട ഒരു ഇടവേളയ്ക്കു ശേഷം ജ്യോത്സ്യന്‍ തുടര്‍ന്നു. താങ്കള്‍ പതിവായ്‌ കേള്‍ക്കുന്ന 'കാലൊച്ചകള്‍' മനസ്സിന്റെ പ്രശ്നം ഒന്നും അല്ല, സ്നേഹിച്ച ആരെയോ തനിച്ചാക്കി ഒരു വാക്കു പോലും പറയുവാന്‍ നില്‍ക്കാതെ ഒരു ജന്മത്തില്‍ നിന്നു തന്നെ താങ്കള്‍ കടന്നു പോന്നതാണ്. ഒന്നു വിളിച്ചിരുന്നെങ്കില്‍ കൂടെ പോരുമായിരുന്നു, പക്ഷെ വിളിച്ചില്ല. ദിനേശിന്റെ ഹൃദയം എന്തിനോ വേണ്ടി അതിന്റെ താളം പതിവിലും കൂട്ടി. കഴിഞ്ഞ ജന്മ്മത്തില്‍ തുടങ്ങിയതാണ്‌ താങ്കളെ പിന്തുടരാന്‍. സ്നേഹം കോരിച്ചോരിഞ്ഞുകൊണ്ടുള്ള പിന്തുടര്‍ച്ച താങ്കള്‍ക്ക് അന്ന് വലിയ ഇഷ്ട്ടമായിരുന്നു, എന്നാല്‍ ഇന്ന് അവ താങ്കള്‍ക്ക് വെറും ഭയം ജനിപ്പിക്കുന്ന കാലൊച്ചകള്‍ മാത്രമാണ്. ഈ കാലൊച്ചകള്‍ ഒന്നുമല്ലെങ്കില്‍ താങ്കളോടുള്ള കോപമായിരിക്കം, അതല്ലെങ്കില്‍ വീണ്ടും സ്നേഹിക്കുവാനുള്ള മോഹമായിരിക്കാം, അതുമല്ലെങ്കില്‍ ഒരുമിച്ചു ജീവിച്ചു തീര്‍ക്കാന്‍ കഴിയാത്ത ഒരു ജന്മത്തോടുള്ള ആസക്തി ആയിരിക്കാം.ഒരു കാര്യം തീര്‍ച്ചയാണ് വരും ജന്മങ്ങളില്‍ ഒന്നില്‍ താങ്കള്‍ ആ വ്യക്തിയെ കണ്ടുമുട്ടും. അതുവരെ കാത്തിരിക്കുക , ഈശ്വരനോട് പ്രാര്‍ത്തിക്കുക.

                                         
                                          ഇനി ഒരു ജന്മം തനിക്കു വേണ്ട എന്ന് ഈശ്വരനോട് അപേക്ഷിച്ചിരുന്ന ദിനേശ് ജ്യോത്സ്യന്റെ വീട്ടില്‍ നിന്നും നടന്നകലുമ്പോള്‍ ഒരു വരും ജന്മ്മത്തിനായ് ദേവാലയങ്ങള്‍ തോറും വഴിപാടുകള്‍ നേര്‍ന്നു.


                                        

No comments: