Sunday, December 2, 2012

തുടക്കം

കിഴക്കിന്റെ പാത എവിടെ തുടങ്ങുന്നു 
തുടിക്കുന്ന താളം എവിടെ തുടങ്ങുന്നു.
മഴവില്ലുചാര്‍ത്തി മിനുസപ്പെടുത്തിയ 
വാനിന്റെ ശോഭ എവിടെ തുടങ്ങുന്നു.
ബുദ്ധനും ക്രിസ്തുവും ഊന്നിപ്പറഞ്ഞൊരാ-
തത്ത്വ  സംഹിതകള്‍ എവിടെ തുടങ്ങുന്നു.

 ദേശാടന പക്ഷികള്‍ കണ്ടുപിടിച്ചൊരാ-
ദേശാടന പാത എവിടെ തുടങ്ങുന്നു.
വില്ലുകുലച്ചു നടന്നൊരാ വേടന്റെ 
കര്‍മ്മ പാപത്തിന്‍ ഫലം എവിടെ തുടങ്ങുന്നു.
കാഷായ വേഷം ധരിച്ചൊരാ മുനിയുടെ 
മുജ്ജന്മ്മത്തിന്‍ കഥ എവിടെ തുടങ്ങുന്നു.
വിപ്ലവം ചീന്തിപ്പുറത്തുവിട്ടൊരാ-
രക്തത്തിന്‍ ഗന്ധം എവിടെ തുടങ്ങുന്നു.

ഒടുക്കമെന്നൊന്നില്ല അവയൊക്കെയും 
ഭാവിയില്‍ തുടരാന്‍ തുടിക്കുന്ന 
തുടക്കത്തിന്‍ ബീജങ്ങളാണത്രെ 
ഉല്‍പ്പത്തിതന്‍ ഗിരിശ്രിങ്കങ്ങളാണത്രെ.

Saturday, December 1, 2012

അച്ഛന്റെ ഇഷ്ടം


തെക്കേ  പറമ്പിന്റെ  ഓരത്തായാണ്
എന്റെ അച്ഛന്‍ ഉറങ്ങുന്നത്.
ഞങ്ങള്‍ രണ്ടാളും ചേര്‍ന്നു പിടിപ്പിച്ച 
നാട്ടുമാവിന്‍ ചോട്ടില്‍

തൊടിയില്‍ പലതുണ്ട് വൃക്ഷങ്ങള്‍
പക്ഷേ, ഒരു നാളെന്‍ അച്ഛന്‍ പറഞ്ഞു.
തനിക്കെന്നും വിശ്രമം നാട്ടുമാവിന്‍
ചുവട്ടിലാണത്രേ ഇഷ്‌ടം 

അച്ഛന്റെ  ഇഷ്ടം ഭൂമിതന്‍ മാറില്‍ 
വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്നതായിരുന്നു
അച്ഛന്റെ ഇഷ്ടങ്ങള്‍ എന്റെയും ഇഷ്ടമായി.
അങ്ങനെ, ഞാനുമെന്‍ അച്ഛനും തൊടിയിലെ
ഓരോ തണലിനും മിത്രങ്ങളായി.

ഒരു വൃക്ഷത്തൈ ബാക്കിവെച്ചുകൊ-
ണ്ടെന്റച്ച്ചന്‍  ഒരുനാള്‍  ഉണരാതെ പോയി.
ആ ഉറക്കത്തിലും അടയാതുപോയെന്റച്ച്ചന്റെ കണ്‍കളില്‍
ഒരു കൊച്ചു വൃക്ഷത്തിന്‍ നിഴല്‍ പറ്റിനിന്നു.

തെക്കേ പറമ്പിന്റെ ഓരത്തായി 
ഞാനെന്‍ അച്ഛനെ ദഹിപ്പിച്ചു 
അതിന്റെ ചുവട്ടിലായി ഞാനുമെന്‍ അച്ഛനും 
നട്ടുപിടിപ്പിച്ച നാട്ടുമാവ്‌ അച്ഛനെ തഴുകി നിന്നു.