Thursday, December 30, 2010

എന്റെ ദിവാകരേട്ടന്‍

   
                      
                  ദിവാകരേട്ടന്‍ എന്നും എനിക്കൊരു ചിരി സമ്മാനിച്ചിരുന്നു.ചിരിയില്‍ കവിഞ്ഞൊന്നും അദ്ദേഹം ആര്‍ക്കും നല്‍കിയിരുന്നില്ല, വേറൊന്നും കൊണ്ടല്ല അതല്ലാതെ അദ്ദേഹത്തിനു വേറൊന്നും കൊടുക്കുവാന്‍ ഉണ്ടായിരുന്നില്ല. ചിരി ഉതിര്‍ക്കുന്നു സ്വന്തം ശരീരം കൊണ്ട് കാലയവനികയ്ക്കുള്ളില്‍ മറയുന്നതുവരെ അദ്ദേഹം മറ്റുള്ളവരെ തന്റെ ചിരിയിലൂടെ ചിരിപ്പിച്ചിരുന്നു.

                  സുഖ-ദുഃഖ സമ്മിശ്രമായ ജീവിതത്തില്‍ ദുഃഖത്തിനെ മാത്രം അരിച്ചെടുത്ത് കുടിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക്  കുട്ടിക്കാലത്ത് എന്റെ കുഞ്ഞു മനസിലേക്ക് ദിവാകരേട്ടന്‍ ആരുമറിയാതെ കടന്നു കൂടി. ജീവിതത്തിന്റെ ഏതൊക്കെ കോണിലൊക്കെയാണോ ദുഃഖം എന്നെ പിടികൂടിയത് അവിടൊക്കെ ദിവാകരേട്ടന്‍ എന്ന മനുഷന്‍ എന്നെ സ്വാന്തന പെടുത്തി.

                    നാട്ടില്‍ പട്ടിണി നടമാടിയിരുന്ന സമയങ്ങളില്‍ ദിവാകരേട്ടന്‍ പതിവായ് കപ്പ നട്ടിരുന്നു. നേരം പുലരുമ്പോള്‍ ഒരു കപ്പ പോലും ബാക്കി  വെയ്ക്കാതെ ആളുകള്‍ മോഷ്ട്ടിച്ചിരുന്നു. എന്നാല്‍ ആ ദിവസങ്ങളില്‍ നിറഞ്ഞ ചിരിയുമായ് നില്‍ക്കുന്ന ദിവാകരേട്ടനെ ആണ് എനിക്ക് ആ കപ്പ തോട്ടത്തിനരികെ കാണുവാന്‍ കഴിഞ്ഞത്.

                     ആളുകള്‍ കൂടി നില്‍ക്കുന്ന ഒരു വഴിയിലൂടെ നടക്കാനിറങ്ങിയ ദിവാകരേട്ടനെ ഒന്നും രണ്ടും പറഞ്ഞു ആരോ ഒരാള്‍ കരണത്തിട്ടു ഒന്ന് പൊട്ടിച്ചു.  ഈ രംഗം കണ്ടുനിന്ന എന്റെ ഉള്ളം വിങ്ങുകയും ഞാന്‍ അത്ത്യുച്ഛത്തില്‍ കരയുകയും ചെയ്തു. എന്നാല്‍ എന്റെ കരച്ചിലിനെ പിന്തള്ളികൊണ്ടുള്ള ദിവാകരേട്ടന്റെ ചിരിയാണ് ഇന്നും എന്റെ കാതുകളില്‍ മുഴങ്ങി കേള്‍ക്കുന്നത്. ചിരിയിലൂടെ ഒരു ജീവിതം മുഴുവന്‍ ദര്‍ശിച്ച ഒരു വ്യക്തി ആയിരുന്നു അദ്ദേഹം.

                      സ്നേഹിക്കാന്‍ പഠിക്കുക, നമ്മളില്‍ സ്നേഹം ഉണ്ടെങ്കില്‍ മാത്രമേ മറ്റുള്ളവര്‍ നമ്മളെ സ്നേഹിക്കു എന്നൊക്കെ പറഞ്ഞിരുന്ന ദിവാകരേട്ടനെ മറ്റുള്ളവര്‍ എന്തുകൊണ്ട് വെറുത്തു എന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല.

                       ചിരിക്കാന്‍ അറിയാത്ത ഒരു സമൂഹത്തിന്റെ അടുത്തു നിന്നും ചിരിയുടെ ബാല പാഠങ്ങള്‍ പകര്‍ന്നു തന്ന എന്റെ ദിവാകരേട്ടന്റെ അരികിലേക്ക് സ്കൂള്‍ വിട്ടു വരുമ്പോള്‍ എന്നും ഞാന്‍ ചെന്നണയാറുണ്ടായിരുന്നു. നിറയെ കവിതകളും കഥകളും എനിക്ക് വേണ്ടി പറഞ്ഞു തന്നിരുന്ന ദിവാകരേട്ടന്‍ എന്നെ പ്രതി എന്റെ വീട്ടുകാരില്‍ നിന്നും വഴക്ക് കേള്‍ക്കുന്നത് പതിവായിരുന്നു. എന്നാല്‍ ഇതൊക്കെ മറന്നു വീണ്ടും എന്നെ കാണുമ്പോള്‍ ചിരിയുടെ, കവിതയുടെ, കഥയുടെ ലോകത്തേക്ക് ക്ഷണിക്കുന്ന ദിവാകരേട്ടന്റെ മുഖം ഇന്നും എന്റെ ഓര്‍മയില്‍ ഒരു വട വൃക്ഷമായ്‌ പടര്‍ന്നു കിടക്കുന്നു.

                       വേറാരുമറിയാത്ത ഒരു ദിവാകരേട്ടനെ എനിക്ക് മാത്രം സമ്മാനിച്ചുക്കൊണ്ടാണ്, എന്റെ ദിവാകരേട്ടന്‍ മരണ ശയ്യയില്‍ നിന്നും നിറഞ്ഞ ഒരു ചിരിയുമായ് വേറൊരു ലോകത്തേക്ക് കടന്നു പോയത്.

1 comment:

Freehand said...

Ninte divakarettan ninte manasil roopam konda sankalpika midhyayano atho nine swadheenicha ethenkilum vyakthithamano ennu enikariyilla. pakshe oru vyakthiyekkurichulla varnana enna nilayil, ne ninte chintha vaibhavathinteyum bhavana shakthiyudeyum koormatha vardhippikkunathil vijayichu ennu thannevenam parayan. :-)